ഇരകളും ജോജിയും മാക്ബെത്തും
ഇരകൾ മുൻപ് കാണാത്തതു കൊണ്ട് ആദ്യത്തെ കാഴ്ചയിൽ ജോജി ത്രസിപ്പിക്കുന്ന ദൃശ്യാവിഷ്കാരമായി അനുഭവപ്പെട്ടു . കുറ്റവാളിയുടെ ക്യാമറക്കണ്ണിലൂടെ കാണുന്നത്, കണ്ടു ശീലിച്ച, ഇരകളുടെ ട്രൗമാറ്റിക് പാസ്റ്റിലൂടെയല്ലാതെയുള്ള കഥപറച്ചിലും നർമ്മവും പുതിയ അനുഭവമായി തോന്നി. മാക്ബെത്തിന്റെ അഡാപ്റ്റേഷൻ എന്ന ലേബലും സിനിമ കണ്ടു കഴിഞ്ഞപ്പോഴുള്ള മാക്ബെത്തിന്റെ സാദൃശ്യങ്ങളും പുതുമയായിരുന്നു.
മാക്ബെത്തും ജോജിയും .
മാക്‌ബത് പഠിക്കുമ്പോൾ സ്ഥിരമായി ഷേക്സ്പിയറിന്റെ നാടകങ്ങളെ വിലയിരുത്തുന്ന ട്രഡീഷണൽ ലെൻസായ ഫേയ്റ്റൽ ഫ്‌ലോ പറയാറുണ്ട് . ഓവർ അംബിഷൻ അല്ലെങ്കിൽ അധികാരഭ്രാന്തിന് അടിമപ്പെട്ട മാക്ബെത്തിന്റെ തകർച്ചയെപ്പറ്റി . ഒഥെല്ലോയിലെ സെക്‌ഷ്വൽ ജലസിയെപ്പോലെ , ഹാംലെറ്റിലെ പ്രോക്റാസ്റ്റിനേഷൻ പോലെ തന്റെ സ്വഭാവത്തിലെ ഈ ഒരു ദൂഷ്യം കാരണം ദാരുണാന്ത്യമേറ്റു വാങ്ങേണ്ടി വരുന്ന മാക്ബെത്. ഡങ്കൻ എന്ന സ്കോട്ടിഷ് രാജാവിനെ ചതിയിലൂടെ കൊലപ്പെടുത്തി അധികാരകസേരയിലേറുകയും തുടർന്ന് , തന്റെ പദവിക്ക് കോട്ടമുണ്ടാക്കുമെന്നു സംശയിക്കുന്ന ഓരോ മനുഷ്യനെയും നിർദയം കൊലപ്പെടുത്തുന്ന മാക്ബെത്തിനെ യാണല്ലോ നമ്മൾ നാടകത്തിൽ കാണുന്നത് .( ബാൻകോ , മാക്ഡഫിന്റെ കുടുംബം എന്നിവരുടെയൊക്കെ കൊലപാതകങ്ങൾ ). കൊല്ലും കൊലയും നടത്തി അധികാരത്തിൽ കയറിക്കൂടുന്ന മാക്ബെത്തിനെ വക വരുത്തി മാക്ഡഫ് തിരിച്ചു വരുന്നതായും നാടകത്തിൽ കാണാം .
'ജോജിയിൽ' സമ്പന്നമായ പനച്ചെൽ കുടുംബത്തിന്റെ അധികാരകേന്ദ്രം പനചേല്കുട്ടപ്പൻ എന്ന ഫാദർ ഫിഗറാണ് . റബ്ബർ എസ്റ്റേറ്റും സ്വത്തുവകകളും കൈയാളുന്ന, പ്രായമായിട്ടും കൈമോശം വന്നുപോകാത്ത കായികബലമുള്ള , തന്റെ കുടുംബത്തിന്റെ അധികാരകസേരയിൽ ഗർവ്വോടെ ഞെളിഞ്ഞിരിക്കുന്ന , മക്കളെ തന്റെ കാൽക്കീഴിൽ അടിമകളായി ഓച്ഛാനിച്ചു നിർത്തിക്കുന്ന ഒരു മൊണാർക്കാണ് അപ്പൻ കഥാപാത്രമെന്നു പറയാം. പക്ഷാഘാതം വന്നു കസേരയിൽ ഇരിക്കുമ്പോൾ ആരാടാ തന്റെ വീടിനു പിന്നിലെന്ന് ഉറക്കെ അലറുന്ന അയാളോട് ഒരു പാവം പ്രജയാണെ കീഴെയെന്നു ജോജി പറയുന്നുണ്ട്.
അധികാരവും അർഹിക്കുന്ന പദവിയും ലഭിക്കാതെ ഫ്രസ്ട്രേഷൻ അനുഭവിക്കുന്ന , ശേഷം അധികാരഭ്രാന്ത് മൂത്തു അവസരം കിട്ടുമ്പോഴൊക്കെ തനിക്കെതിരെ നീങ്ങുന്ന എന്തിനെയും നിലംപരിശാക്കാൻ വ്യക്തമായ പദ്ധതികൾ നെയ്യുന്ന മാക്ബെത്തതായി ജോജിയും അവതരിക്കുന്നു . ആദ്യം സംശയത്തിന്റെ നിഴൽപോലും ശേഷിപ്പിക്കാതെ തന്റെ അപ്പനെയും പിന്നീട് തന്റെ ആഗ്രഹങ്ങൾക്ക് വിലങ്ങുതടിയാകാൻ കെൽപ്പുള്ള മൂത്ത ജ്യേഷ്ഠനേയും ( ബാൻകോ) അയാൾ ഉന്മൂലനം ചെയ്യുന്നു . മക്കളോരോന്നായി മരണത്തിനു കീഴടങ്ങുമ്പോൾ പനച്ചെൽ കുടുംബത്തിന്റെ സർവ സ്വത്തുക്കളും വന്നുചേരുന്നത് പിന്തുടർച്ചാവകാശത്തിൽ മുൻപന്തിയിൽ നിൽക്കുന്ന പോപ്പിയിലാണ് . മാക്ഡഫിന്റെ ശക്തമായ തിരിച്ചു വരവിനെപ്പോലെ , തന്റെ നഷ്ടപെട്ട എയർ കണ്ണിന്റെ ബുള്ളറ്റുകളെ തിരഞ്ഞുപിടിച്ചുകൊണ്ടു ജോജിയുടെ നിലനിൽപ്പിനെ വരിഞ്ഞുമുറുക്കുന്നതും പോപ്പിയാണ് . പിന്നെയുള്ളത് ലേഡി മാക്ബെത്തതാണ്. മാക്ബെത്തിനേക്കാൾ അസാമാന്യമായ ധൈര്യവും ബുദ്ധിയും കാഴ്ചവെക്കുന്ന ലേഡി മൿബെതാണ് തന്റെ പങ്കാളിയുടെ പുരുഷത്വത്തെ തന്നെ വെല്ലുവിളിച്ചുകൊണ്ട് കൊലപാതകം ചെയാൻ മൿബെത്തിന്റെ കയ്യിൽ കത്തി തിരുകികയറ്റുന്നത്. മാക്ബെത്തിന്റെ അധികാരമോഹങ്ങൾ സാക്ഷാത്കരിക്കാൻ ഇന്ധനമാകുന്നത് ലേഡി മൿബെത്തിന്റെ മൂർച്ചയേറിയ വാക്കുകളും പിന്തുണയുമാണ് . ജോജിയിൽ അത്ര ശക്തമല്ലാത്ത പാസ്സീവ് ആയ, പിന്നിൽ നിന്ന് ചരട് വലിക്കുന്ന ബിന്സിയെ കാണാം.
ജോജിയുടെ കൊലപാതങ്ങൾക്ക് കണ്ണടച് , അയാളുടെ സബ്സെർവിയെൻസിൽ നിന്ന് പുറത്തുകടക്കാൻ ഊർജം പകരുന്ന പാസ്സീവ് ആയ ഒരു ലേഡി മാക്ബെത്താണ് ബിൻസി . അപ്പൻ മരിച്ചാൽ തന്റെയും ഭർത്താവിന്റെയും അടിമജീവിതത്തിനു വിരാമമിടാൻ അവർ ജോജിക്കൊപ്പം നിൽക്കുന്നു . നിനക്കൊക്കെ യൗവനം ഈ സ്ളാബിൽ തള്ളിനീക്കാനേ പറഞ്ഞിട്ടുള്ളുവെന്നു അരിശം പൂണ്ടു ജോജിയുടെ കഴിവുകേടിലേക്കു വിരൽചൂണ്ടുന്നു.
മീനില്ലാത്ത കുളത്തിലേക്ക് ചൂണ്ടയിടുന്ന ജോജി , അപ്പന്റെ കൊലപാതകത്തിന് ശേഷം തന്റെ അപ്പൻ ചൂണ്ടയിൽ കുരുങ്ങിപ്പൊങ്ങുന്നതായി സ്വപ്നം കാണുന്നു . മാക്ബെത്തിന്റെ ദാഗർ ആണ് ജോജിയെ പിന്തുടരുന്ന ചൂണ്ട .
ജോജിയിലെ ഈഡിപ്പൽ വിഷ്
ജോജിയിലെ ഇന്റെരെസ്റ്റിംഗ് ആയ മറ്റൊരു സംഗതി അതിലെ കഥാപാത്രങ്ങളുടെ ഈഡിപ്പൽ വിഷാണു. തങ്ങൾക്കു അപ്രാപ്യമായതൊക്കെ നേടിയെടുക്കുന്ന , തന്റെ കഴിവുകൊണ്ടും അധികാരം കൊണ്ടും എല്ലാം കാൽകീഴിൽ നിർത്തുന്ന അപ്പന്റെ തണല് പറ്റി വളരുന്ന മക്കൾ . അപ്പനെ എതിർക്കാനോ അയാളിൽ നിന്ന് പുറത്തുകടക്കാനോ അവർക്ക് കഴിവില്ല . അപ്പൻ എന്ന സെന്ററിൽ ചുറ്റിത്തിരിയുന്ന അരക്കാലുകൾ മാത്രമാണ് മക്കൾ. അത് കൊണ്ട് തങ്ങളുടെ അഭിലാഷപൂർത്തീകരണത്തിന്
ഭീഷണിയായുള്ള ഫാതെർഫിഗറിനെ വകവരുത്തി അധികാരം കൈക്കലാക്കുക . അപ്പനോട് കൂറുപുലർത്തുന്നതായി കാണിക്കുന്ന, അപ്പൻ മരിക്കുമ്പോൾ അപ്പന്റെ ആഗ്രഹപ്രകാരം സഭയെ വെല്ലുവിളിച്ചു കൊണ്ട് പടക്കം പൊട്ടിക്കുന്ന ജോമോനും, സര്ജറി ചെയുന്ന
വേളയിൽ നാട്ടുകാരെ ബോധിപ്പിക്കണമല്ലോ എന്ന് പറയുന്നുണ്ട് . രണ്ടാമനായ ജെയ്‌സണിനു അപ്പനെ റീപ്ലേസ് ചെയാൻ ആഗ്രഹമുണ്ടെങ്കിലും ജോജിയെപ്പോലെ അയാളെ വകവരുത്താനുള്ള ധൈര്യമില്ല .അച്ഛന്റെ മരണം നിങ്ങളും ആഗ്രച്ചിരുന്നില്ലേ എന്നും കാരണവർ ചാകാതെ ചില്ലി കാശ് കിട്ടില്ല എന്ന് ജെയ്സൺ പറയുന്നുണ്ട്. പോപ്പിയായാലും അപ്പാപ്പൻ ചത്തിട്ടില്ല എന്നുപറഞ്ഞു പേടിക്കുന്നുണ്ട്. അപ്പനെ റീപ്ലെയ്സ് ചെയുക എന്നത് ആ കുടുംബത്തിലെ ഓരോ പുല്കൊടിയും ആഗ്രഹിക്കുന്നു .
അച്ഛൻ ഫിഗറിനെ തുടച്ചു നീക്കുക നിലനിന്നുപോരുന്ന വ്യവസ്ഥകളെ തച്ചുടച്ചു പുതിയ മാതൃകകൾ നടപ്പിലാക്കുന്ന സർവൈവൽ ഓഫ് ദി ഫിറ്റസ്റ്റു കൂടിയാണ് .
ഇരകൾ കണ്ട ശേഷമുള്ള ജോജി
'ഇരകൾ' കാണുമ്പോഴാണ് മാക്ബെത്തിനേക്കാൾ ഇരകളുടെ അഡാപ്റ്റേഷൻ അല്ലെങ്കിൽ ഇരകളുടെ മിനിയേച്ചർ വേഴ്‌സനാണു ജോജി എന്ന് തോന്നിയത്.അല്ലെങ്കിൽ ഇരകളുടെ പിന്മുരക്കാരുടെ കഥ .
പശ്ചാത്തലം രണ്ടിലും റബ്ബർ എസ്റ്റേറ്റും തോട്ടവുമാണ് . വഴികളും കാടും ഊടുവഴിയിലൂടെയുള്ള ജോജിയുടെ നടത്തം പോലും ഇരകളിലെ ബേബിയുടേതാണ് .ഭയത്തിന്റെ നിറം അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നില്ലെന്നു മാത്രം .എന്നാൽ ഇരകളുടെ സങ്കീര്ണതയും വ്യാപ്തിയും ജോജിക്ക് ഇല്ലതന്നെ .
പണത്തിനുവേണ്ടി ആരെയും വിലക്കെടുക്കുന്ന , ആരെ വേണമെങ്കിലും കൊലപ്പെടുത്താമെന്ന തത്വശാസ്ത്രം വെച്ചുപുലർത്തുന്ന തിലകന്റെ ഒരു മിനിയേച്ചർ വേർഷനാണ് ജോജിയിലെ പനച്ചെൽ കുട്ടപ്പൻ .ഇരകളിലെ മുഴുക്കുടിയൻ കഥാപാത്രവും ജോജിയിൽ പകർത്തുന്നുണ്ട് . അപ്പന്റെ താളത്തിനൊത്തു തുള്ളേണ്ടി വരുന്ന , സ്വന്തമായി ഒന്നും ചെയാൻ സാധിക്കാത്തതിലുള്ള അയാളുടെ അമർഷവും .
ഇളയമകനായ ബേബി ജോജിയെക്കാൾ സങ്കീര്ണതയുള്ള കഥാപാത്രമാണ് . തനിക്ക് വെല്ലുവിളിയുണ്ടാക്കുന്ന എന്തിനെയും നിഷ്പ്രഭമാക്കാൻ പക കൊണ്ടുനടക്കുന്നവൻ. വന്മരത്തിനു കീഴെ വളരുന്ന ചെടികളിലൊരാളായ അയാൾ , തന്നെ അടിച്ചമർത്തുന്ന അച്ഛനിൽ നിന്ന് മോചനം ആഗ്രഹിക്കുന്നു. തന്റെ വീട്ടിലെ അപ്പന്റെയും മക്കളുടെയും പങ്കാളികളുടേയുമെല്ലാം പൊള്ളയായ ബന്ധങ്ങൾ അയാളിൽ പക വളർത്തുന്നു .അവയെയെല്ലാം അയാൾ കൊന്നൊടുക്കുന്നു . തനിക്ക് പിടിച്ചെടുക്കുന്നതിലാണ് താത്പര്യമെന്ന് പറഞ്ഞു കാമുകിയുടെ വരന്മാരെയൊക്കെ അയാൾ കൊലപ്പെടുത്തുന്നുണ്ട് .തനിക്ക് വഴങ്ങാത്ത ഓരോരുത്തരെയും ചോരകൊണ്ടയാൾ കണക്കു തീർക്കുന്നു .
നിന്റെ കാലുതല്ലിയൊടിച്ചു ചിലവിനു തരുന്നതാണ് എളുപ്പമെന്നു ജോജിയിലെ അപ്പൻ പറയുന്നുവെങ്കിൽ, ഇരകളിൽ തന്റെ സാമ്രാജ്യ വികാസത്തിന് വിലങ്ങുതടിയായ ബേബിയെ അപ്പൻ കൊലപ്പെടുത്തുന്നു. എല്ലാത്തിനെയും കൊന്നൊടുക്കി എന്തും കൈക്കലാക്കുന്ന അയാളുടെ ചോരയോടുള്ള അറപ്പില്ലായ്മ മക്കൾക്കും കൈമുതലായുണ്ട് .
ബേബിക്ക് അധികാരവും പണവും സമ്പത്തും ആവശ്യമില്ല . സൊസൈറ്റി എന്ന ബിഗ് ബ്രദർ മുക്കിലും മൂലയിലും സി സി ടി വി ക്യാമറ കണ്ണുകൾ പതിപ്പിച്ചത് കൊണ്ട് മാത്രം അപ്പൻ, മകൻ, ഭർത്താവ് , ഭാര്യ എന്നിങ്ങനെയുള്ള ലേബലുകൾ ചുമന്നു നടക്കുന്ന തന്റെ ശിഥിലമായ കുടുംബബന്ധങ്ങളോടുള്ള പക.
ഒടുവിൽ മക്കൾ അച്ഛന് നേരെയും അച്ഛൻ മക്കൾക്ക് നേരെയും വെടിയുതിർക്കുന്നതിലൂടെ തകർന്നു തരിപ്പണമാകുന്ന പൊള്ളയായ കുടുംബബന്ധങ്ങൾ .സമൂഹമാണ് തന്നെ കൊലപ്പെടുത്തിയത് എന്ന് ജോജി ആത്മഹത്യ കുറിപ്പ് എഴുതുന്നെങ്കിലും എന്തുകൊണ്ട് താൻ കൊലക്കയറുകൾ മുറുക്കുന്നു എന്നത്തിനു ശക്തമായ ഉത്തരം ഇരകളിലാണുള്ളത്. ജോജിയെപ്പോലെ , കോടീശ്വരാ എന്ന വിളികളിൽ
ബേബിക്ക് ആനന്ദമില്ല. അയാളുടെ കൊലകൾ ശക്തമായ കോസ് മോട്ടിവേറ്റഡ് ആണ്. അയാൾക്ക് തന്നെ എതിർക്കുന്ന ,തന്നെ അടിച്ചമർത്തുന്ന ,എന്തിനോടും ഒടുങ്ങാത്ത പകയാണ് .
ഇരകളിലെ ആനി , ഇന്നത്തെ കാലത്തെ സ്ത്രീകളുടെ പ്രതിനിധിയായ ബിൻസിയെക്കാൾ, സ്വന്തം ഇഷ്ടങ്ങൾക്കനുസരിച് ജീവിക്കുന്ന , വ്യവസ്ഥകളെ തച്ചുടക്കുന്ന സ്ത്രീയാണ് .ഇരകളിലെ ഓരോ പെണ്ണുങ്ങളും ഭർത്താവിന്റെ മുഴുക്കുടിയിൽ അസംതൃപ്തരായ ഭാര്യമാർ അല്ലെങ്കിൽ മക്കളെയും, കൊല്ലും കൊലയിലേക്കും കൈപിടിച്ച് നടത്തുന്നതിനോട് പ്രതികരിക്കാനാവാത്ത അമ്മമാരാണ് .ജോജിയിലെ ബിന്സിയും ഭർതൃഗൃഹത്തിൽ പാസ്സീവ് വയലൻസുകൾ സഹിക്കുന്ന സ്ത്രീയാണ് .എന്നാൽ ആനിയാകട്ടെ , മദ്യപിക്കുന്ന, തന്റെ ഭർത്താവ് മദ്യം കുടിക്കാത്തതിൽ പുച്ഛിക്കുന്ന,അയാളോട് നിരന്തരം കലഹിച്ച് ഇറങ്ങിപ്പോരുന്ന സ്ത്രീയാണ്. മറ്റു
പെണ്ണുങ്ങൾക്കൊന്നും സാധിക്കാത്ത ഭർത്താവിൽ നിന്നുള്ള മോചനം ആനി അയാളോട് ശബ്ദമുയർത്തി നേടിയെടുക്കുന്നു. വേലക്കാരനായ കുഞ്ഞുണ്ണിയോടും മറ്റുപലപുരുഷന്മാരോടും ബന്ധം പുലർത്തുന്നു. ആ വീട്ടിലെ ആൺമക്കളൊക്കെ കിട്ടാക്കനിയായ സ്വാതന്ത്ര്യം കലഹിച്ചു നേടിയെടുക്കുന്നത് ആനി മാത്രമാണ്.മറ്റേർണിറ്റി എന്ന കൻസ്ട്രക്ടിനെയും ആനി പൊളിച്ചെഴുതുന്നുണ്ട് .
ബേബിയുടേ കാമുകിയായ നിര്മലയും എടുത്തുപറയേണ്ട മറ്റൊരു കഥാപാത്രമാണ് .തന്നെ കല്യാണം കഴിക്കാൻ വരുന്നവരെയൊക്കെ കൊലപ്പെടുത്തുന്ന ബേബിക്കെതിരെ പോലീസിൽ പരാതിപ്പെടുന്ന , അയാളുടെ തകർച്ചക്ക് വഴിമരുന്നിടുന്ന നിർമല കൊലക്കയർ അവൾക്കെതിരെയും നീട്ടു ന്ന അയാൾക്ക് നേരെ സധൈര്യം വാളോങ്ങുന്നുണ്ട് .
ഇരകളിലെ പള്ളീലച്ചൻ സത്യത്തിന്റെ പ്രതിനിധിയായി അവതരിപ്പിക്കപ്പെടുമ്പോൾ ജോജിയിൽ സത്യത്തിനും നീതിക്കും മീതെ ചർച്ചും ചർചിന്റെ നിയമാവലികളും മേൽക്കോയ്മ നേടുന്നതായി കാണാം. ജോജി പള്ളിനിയമങ്ങളോട് അനുസരണ പാലിച്ച് സഭയെ പറ്റിക്കാൻ ബൈബിൾ മുറുകെ പിടിച്ച് എല്ലാവര്ക്കും വിശ്വാസയോഗ്യമായ നുണകൾ വിളമ്പുന്നു. ജോജിയുടെ കള്ളത്തരങ്ങൾ പൊളിഞ്ഞു വീഴുമ്പോൾ സിനിമയിൽ പള്ളിയിലച്ചൻ ഒരു ഹാസ്യകഥാപാത്രമായി മാറുന്നു .
ചുരുക്കിയ പറയുമ്പോൾ കഥയുടെ ക്രിസ്ത്യൻ പശ്ചാത്തലവും പൊള്ളയായ മനുഷ്യാ ബന്ധങ്ങളും മനുഷ്യാസക്തികളും ഒക്കെ ഇരകളിൽ നിന്ന് ജോജി കടംകൊണ്ടതാണെന്നേ പറയാനാവൂ .ഇരകളുടെ ഒരു ന്യൂ ജൻ വേർഷൻ ന്യൂ മലയാളി സെന്സിബിലിറ്റിയും ഹ്യൂമറും കലർത്തിയ ഒരു അഡാപ്റ്റേഷൻ .
Comments
Post a Comment