ഇരുട്ടുതിന്നവരുടെ അലാവുദ്ദിൻ കണ്ണുകൾ
"കള്ളുകുടിച്ചു കരളുവീർത്തവർക്കാണ് മഞ്ഞനിറമുണ്ടാവുക ."
ഒന്നാം ബെഞ്ചുകാരനും രണ്ടാമനും അവരുടെ ദിവസങ്ങളോളം നീണ്ട
കണ്ടുപിടിത്തം ഓരോരുത്തരുടെയും ഇലപ്പൊതിയിൽ ചൂടാറാതെ വിളമ്പി .
തിങ്കളാഴ്ച സഞ്ചയിക തുറക്കാനുള്ള ബെൽമുഴക്കങ്ങളായിരുന്നു .
പിങ്കുനിറത്തിലുള്ള പുറംചട്ടയിൽ വിരുന്നുകാർ കൈവിരൽപൊത്തിപ്പിടിപ്പിച്ചു തന്ന നാണംകൊണ്ടു കുതിർന്ന നോട്ടുകൾ
രേഖാമൂലം സാക്ഷ്യങ്ങളാവുന്ന കൗതുകത്തിന്റെ ദിനം .
നീ നോക്കുന്നതിലെല്ലാം മഞ്ഞ നിറമാണോ,
മഞ്ഞക്കാമല പിടിച്ചവർക്ക് മുഖത്ത് സൂര്യനുദിക്കുമെന്നു ബയോളജി ടെക്സ്റ്റ് ബുക്കിലുണ്ട് .
ഒന്നാംബെഞ്ചുകാർ ചിരിച്ചു .
ടീച്ചറെ കാണിച്ച് ഒപ്പിടാൻ ഓടിവരാറുള്ള തിങ്കളാഴ്ചകളെ
അവൻ മനപ്പൂർവം മറന്നു .
പേജുകളുടെ ഒടുക്കം വരെ
കണക്കുകൂട്ടലുകൾ കുത്തിനിറച്ച ,
സമ്പന്നനെന്ന സ്വയം പ്രഖ്യാപനങ്ങളിൽ വിയർത്ത തുട്ടുകൾ കുടുക്കകൾ മറവു ചെയ്തു .
അങ്ങനെയാണവന് വളർന്നു മെലിഞ്ഞപ്പോൾ , അലാവുദ്ദിന്റെ കണ്ണുകളുണ്ടായത്.
നിലാവുനിറയുന്ന ഭൂതത്തിന്റെ കുപ്പികൾ വയറിലൊളിപ്പിച്ച്
അടക്കാ ക്കുരുവിയെപ്പോലെ നടന്നോടിയൊളിക്കാൻ അവൻ പഠിച്ചത് .
©,Aswathy
Comments
Post a Comment