കപ്പേളയിലെ വികല മാതൃകകൾ
സോഷ്യൽ മീഡിയയിൽ അങ്ങോളമിങ്ങോളമുള്ള ട്രോളുകളുടെയും സ്റ്റാറ്റസുകളുടെയും അതിപ്രസരം കണ്ടുണ്ടായ അമിത പ്രതീക്ഷ കൊണ്ടാണോ എന്നറിയില്ല പ്രതീക്ഷകൾക്കൊത്തുയരുന്ന അനുഭവമായിരുന്നില്ല സിനിമകണ്ടപ്പോളുണ്ടായത് . നടീനടന്മാരുടെ നാച്ചുറൽ ആക്റ്റിംഗും സിനിമയുടെ ഗ്രാമീണ തുളുമ്പുന്ന മിഴിവാർന്ന ഷോട്ടുകളുമൊഴിച്ചാൽ പ്രതീക്ഷയെ നിറക്കുന്നതിനു പര്യാപ്തമായില്ല എന്ന് വേണം പറയാൻ . അത്യധികം ശ്രദ്ധയാകർഷിക്കുന്ന സാമൂഹിക പ്രശ്നത്തിന്റെ തിരഞ്ഞെടുപ്പ് മികച്ചതായെങ്കിലും അതിനായി അവലംബിച്ച വഴികൾ നിലവിലുള്ള പല വികലമായ മാതൃകകൾക്കും ശക്തിപകരുന്നതാണ് . 1 . കടല് കാണാൻ കൊതിക്കുന്ന നിഷ്കളങ്കയായ പെൺകുട്ടി തന്നിലടിച്ചേല്പിക്കപ്പെട്ട അസ്വാതന്ത്ര്യത്തെ മറികടക്കാൻ, അവൾക്ക് ചുറ്റിലും നിർമിക്കപ്പെട്ട ചങ്ങല മുറിക്കാനുള്ള ധൈര്യമുണ്ടാകാൻ ഒരു പുരുഷാവതാരത്തിന്റെ സഹായത്തോടു കൂടി മാത്രമേ സാധ്യമാവുകയുള്ളോ? ഇനിയത് കെട്ടിക്കഴിഞ്ഞാൽ നീ എവിടെ വേണമെങ്കിലും പൊയ്ക്കോ എന്ന് കേട്ട് തഴമ്പിച്ച അംഗീകരിക്കപ്പെട്ട ലൈസൻസ് ഉള്ളിൽ അറിയാതെ നാച്ചുറലൈസ്ട് ചെയ്തതുകൊണ്ടാണോ. നായകൻറെ പീഡന ശ്രമങ്ങളിൽ നിന്ന് മോചിതയാകുമ്പോഴും റോയ് എന്ന രക്ഷകനോടൊപ...