ഓൺലൈൻ വിദ്യാഭ്യാസവും പാർശ്വവൽക്കരിക്കപ്പെട്ട ജനതയും
അടിസ്ഥാന
പ്രശ്നങ്ങളിലൂന്നിയ സാമൂഹിക ക്ഷേമ പദ്ധതികളും , ശക്തമായ തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ നട്ടെല്ലുറപ്പും കൊണ്ട് തന്നെയാണ് കോവിഡിന്റെ പനിച്ചൂടിൽ
രാജ്യം വിറയ്ക്കുമ്പോൾ നമ്മൾ അല്പമെങ്കിലും ആശ്വാസത്തോടെ ജീവിതം മുന്നോട്ടു
തുഴയുന്നത്. യുഎന്നിന്റെ മിലേനിയം ഗോളുകളിലൊന്നായിരുന്ന സാർവത്രിക
വിദ്യാഭ്യാസം നാം ഭരണഘടനയിൽ വരച്ചു ചേർത്തിട്ടു ഒരു പതിറ്റാണ്ടിലധികം
പിന്നിട്ടിട്ടുമില്ല . എന്നാൽ സാക്ഷര കേരളമെന്നു നാഴികക്ക് നാല്പതു വട്ടം
പറയുന്ന നമ്മുടെ നാട്ടിലും, സ്കൂളുകളിൽ നിന്ന് ദളിത് ആദിവാസി വിഭാഗങ്ങളിലെ
കുട്ടികളുടെ കൊഴിഞ്ഞുപോക്കു കൂടുകയാണ് എന്നാണ് കണക്ക്. കോവിഡിന്റെ
മുൾമുനയിൽ വിദ്യാഭ്യാസം ഓൺലൈൻ വിഭവമായി കുട്ടികളുടെ മുന്നിലെത്തുമ്പോൾ
പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിനു അതെത്രത്തോളം പ്രാപ്യമാണ് എന്നുള്ളത്
ഊഹിക്കാവുന്നതേയുള്ളു . കീഴാളരെന്നു മുദ്രകുത്തിയിരുന്ന വലിയൊരു വിഭാഗം
ജനതയെ,സവർണശക്തികൾ കുത്തകയാക്കി കൈവശം വെച്ചിരുന്ന ഭൂമി പിടിച്ചെടുത്തു നാം
കൈപിടിച്ചുയർത്തി എന്നതു ചരിത്രത്തിൽ മായാതെ കിടപ്പുണ്ടെങ്കിലും
അധ:സ്ഥിതരുടെ ഉന്നമനം എത്രത്തോളം സാധ്യമായി എന്നത് ഇന്നും പ്രഹേളികയാണ്.
ഒരു ഫോണിന് പോലും റേഞ്ച് ലഭിക്കാത്ത ആദിവാസിമേഖലയിലെ കുരുന്നുകളെ
നോക്കുമ്പോൾ, സാങ്കേതിക വിദ്യയുടെ ലഭ്യത നിങ്ങൾ ജനിച്ച ജാതിയുടേം
മതത്തിന്റെയും ക്ലാസ്സിന്റെയും പ്രിവിലേജ് ആണെന്ന് ഊട്ടിയുറപ്പിക്കേണ്ടി
വരും. ലോക്ക് ടൗണ് കാലത്തു ഊരുകളിൽ നിന്നു കിലോമീറ്ററുകൾ നടന്നു
കുട്ടികൾ പരീക്ഷയെഴുതിയതു നാം കണ്ടട്തേയുള്ളു .അറിവ് നേടാനുള്ള അവകാശം
സവര്ണജനതയുടെ മാത്രം കുത്തകായായിരുന്ന ഒരു ചരിത്രമാണ് നമുക്കുള്ളത് . വേദം
പഠിച്ചു എന്ന 'കൊടുംപാതകത്തിനു ശംഭൂകനെ വധിച്ച യുവരാജനെ ദൈവമായി
ആരാധിക്കുന്ന ജനവിഭാഗമാണ് നാം .കോവിഡ് പട്ടിണിയിലേക്ക് കൂപ്പുകുത്തിച്ച
ദിവസക്കൂലിക്കാരായ അച്ഛനമ്മമാരുടെ കണ്ണീർ തുള്ളികളിലാണ് തന്റെ
കുഞ്ഞുങ്ങൾക്ക് പഠിക്കാൻ സ്മാർട് ഫോണും കമ്പ്യൂട്ടറും വാങ്ങിനൽകാൻ
കഴിയുന്നില്ലലോ എന്ന അധികബാധ്യത നാം തിരുകികയറ്റുന്നത് . സാങ്കേതികവിദ്യയും
സ്വന്തമായുള്ള പഠനമുറിയുമൊക്കെ പ്രിവിലേജ്ഡ് ഗ്രൂപ്പിന്റെ മാത്രം
കൈമുതലാകുമ്പോൾ അരികുവത്കരിക്കപ്പെട്ട ജനതക്ക് വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ
ഹൃദയത്തിലേക്ക് ഈയമുരുക്കിയൊഴിക്കുന്നതു പോലെയാകും അനുഭവപ്പെടുക
Comments
Post a Comment