കപ്പേളയിലെ വികല മാതൃകകൾ
സോഷ്യൽ മീഡിയയിൽ അങ്ങോളമിങ്ങോളമുള്ള ട്രോളുകളുടെയും സ്റ്റാറ്റസുകളുടെയും അതിപ്രസരം കണ്ടുണ്ടായ അമിത പ്രതീക്ഷ കൊണ്ടാണോ എന്നറിയില്ല പ്രതീക്ഷകൾക്കൊത്തുയരുന്ന അനുഭവമായിരുന്നില്ല സിനിമകണ്ടപ്പോളുണ്ടായത് . നടീനടന്മാരുടെ നാച്ചുറൽ ആക്റ്റിംഗും സിനിമയുടെ ഗ്രാമീണ തുളുമ്പുന്ന മിഴിവാർന്ന ഷോട്ടുകളുമൊഴിച്ചാൽ പ്രതീക്ഷയെ നിറക്കുന്നതിനു പര്യാപ്തമായില്ല എന്ന് വേണം പറയാൻ . അത്യധികം ശ്രദ്ധയാകർഷിക്കുന്ന സാമൂഹിക പ്രശ്നത്തിന്റെ തിരഞ്ഞെടുപ്പ് മികച്ചതായെങ്കിലും അതിനായി അവലംബിച്ച വഴികൾ നിലവിലുള്ള പല വികലമായ മാതൃകകൾക്കും ശക്തിപകരുന്നതാണ് .
1 . കടല് കാണാൻ കൊതിക്കുന്ന നിഷ്കളങ്കയായ പെൺകുട്ടി തന്നിലടിച്ചേല്പിക്കപ്പെട്ട അസ്വാതന്ത്ര്യത്തെ മറികടക്കാൻ, അവൾക്ക് ചുറ്റിലും നിർമിക്കപ്പെട്ട ചങ്ങല മുറിക്കാനുള്ള ധൈര്യമുണ്ടാകാൻ ഒരു പുരുഷാവതാരത്തിന്റെ സഹായത്തോടു കൂടി മാത്രമേ സാധ്യമാവുകയുള്ളോ? ഇനിയത് കെട്ടിക്കഴിഞ്ഞാൽ നീ എവിടെ വേണമെങ്കിലും പൊയ്ക്കോ എന്ന് കേട്ട് തഴമ്പിച്ച അംഗീകരിക്കപ്പെട്ട ലൈസൻസ് ഉള്ളിൽ അറിയാതെ നാച്ചുറലൈസ്ട് ചെയ്തതുകൊണ്ടാണോ. നായകൻറെ പീഡന ശ്രമങ്ങളിൽ നിന്ന് മോചിതയാകുമ്പോഴും റോയ് എന്ന രക്ഷകനോടൊപ്പമാണ് പിന്നീടും കടലുകാണുക എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത് . ഇനി യാഥാർഥ്യങ്ങൾ അങ്ങനെ അല്ലെ എന്നാണു ചോദ്യമെങ്കിൽ സമൂഹത്തിനു സന്ദേശം നൽകുക എന്ന രീതിയിലുള്ള സിനിമയാകുമ്പോൾ സ്വയം കരുത്താർജിക്കുക എന്നതിലപ്പുറം പ്രണയത്തിലൂടെ ലിബറേഷൻ , പുരുഷനിലൂടെ ലിബറേഷൻ എന്നിങ്ങനെ നിലവിലുള്ള പാട്രിയാർകൽ മാതൃകകളുടെ തുടർച്ച നിർദേശിക്കുന്നത് പര്യാപ്തമാണോ ?
2 .ഇരുപത്തിഞ്ചിലിരുന്ന് ഇരുപത്തിന്റെ പ്കവതക്കുറവിനെ പരാമർശിക്കുന്നത് അസംബന്ധമാണ് . ഓരോ പ്രായത്തിലൂടെയും കടന്നുപോകുമ്പോഴുള്ള ഫാന്ടസികളും പ്രശ്നങ്ങളും അവക്ക് നമ്മൾ തന്നെ കൽപ്പിച്ചു നൽകുന്ന ഭീമാകാരത്വവും തികച്ചും സ്വാഭാവികമാണ് . ഇതല്ല ഇതിനപ്പുറം കാണിച്ചില്ലെങ്കിലേ അത്ഭുദമുള്ളു . എന്നാൽ നായികക്ക് ചാർത്തപ്പെടുന്ന നിഷ്കളങ്കതക്കു വിരുദ്ധമായി സിനിമയിൽ തന്നെ ധാരാളം സ്വരച്ചേർച്ചകളുള്ളതായി തോന്നി . മാറിവിളിച്ച നമ്പറിലേക്ക് ഇതേതാ സ്ഥലം എന്ന സ്ഥിരം 'കോഴിത്തരം' കേട്ട് ആദ്യം തന്നെ ഫോൺ കട്ട് ചെയ്യുന്ന നായികക്ക് ,പൊടുന്നനെ 'റാസൽഖൈമയിലെ ഗിരിരാജ കോഴിയുടെ' ആരുമറിയാത്ത വ്യഥകൾ അയാളുടെ പെങ്ങന്മാർ പറയുന്നത് കൊണ്ട് മാത്രം വിശ്വാസയോഗ്യമാവുന്നത് അത്തരത്തിൽ ഒരു ഉദാഹരണമാണ്. പിന്നെ എന്തുകൊണ്ട് പ്രണയത്തിലായി എങ്ങനെ പ്രണയത്തിലായി എന്നതിനൊന്നും കൃത്യമായ ഉത്തരം ഒരിക്കലുമുണ്ടാകാത്തതുകൊണ്ടുംമ് , പ്രണയിക്കുമ്പോൾ നമ്മളറിയാതെ നമ്മൾ തന്നെ ചാർത്തികൊടുക്കുന്ന അന്ധമായ വിശ്വാസത്തിന്റെ പങ്കുപറ്റിയാണെന്നുമുള്ളതു കൊണ്ടും ,ലോജിക്കുകൾക്ക് പ്രണയത്തിൽ യാതൊരു പ്രസക്തിയുമില്ലാത്തതിനാൽ ഇത്തരം സ്വരച്ചേർച്ചകൾ കണ്ടെത്തുന്നത് അസ്ഥാനത്താണ് എന്ന് തോന്നുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കാണാൻ അയൽരാജ്യത്തിലേക്ക് അനധൃകൃതമായി അതിർത്തി കടന്ന ഹാമിദ് അൻസാരി എന്ന യുവാവിനെ നമ്മളാരും മറന്നിട്ടില്ലലോ .
3 . നന്മ കാണിക്കാൻ നന്മ കുത്തികയറ്റിയതാണോ എന്ന ശങ്ക സിനിമയിലൂടെ നീളം അനുഭവപ്പെട്ടു . അത്തരം പ്രതീക്ഷിക്കാവുന്ന ക്ലിഷേകൾ ചിത്രത്തിന്റെ മുക്കിലും മൂലയിലുമുണ്ട്. ജീവിതം തുന്നിച്ചേർക്കാനുള്ള നെട്ടോട്ടങ്ങൾക്കിടയിൽ നന്മയുടെ വെളിച്ചം മറക്കാത്ത ആളായി ചിത്രീകരിക്കപ്പെടുമ്പോഴും , വിഷ്ണുവിനെയും അയാളുടെ കൂടെയുള്ള സ്ത്രീകളെയും പോലീസ് തടഞ്ഞു നിർത്തുമ്പോഴുള്ള അവരുടെ ഭാവപ്രകടങ്ങളിൽ നിന്ന് തന്നെ അയാൾ ആളത്ര വെടിപ്പല്ല എന്ന് തുടക്കത്തിലേ കാണിക്കുന്നുണ്ട് . എന്നാൽ സദാചാര പോലീസ് ആയ റോയ് എന്ന നല്ലവനായ ഉണ്ണി തന്നെ തന്നെ വേണ്ടിവന്നു പെൺകുട്ടിയെ രക്ഷിക്കാനെന്നുള്ളത് തികച്ചും വികലമായ മാതൃക തന്നെയാണ് . സദാചാര പോലീസിന് സംരക്ഷകപ്പട്ടം നൽകുന്ന നിലവിലുള്ള ഇന്സ്ടിട്യൂഷനുകൾക്ക് കരുത്തു പകരുകയാണ് ചിത്രം ചെയ്യുന്നത് .തുടക്കം തന്നെ ഇരുട്ടിന്റെ മറവിൽ നിൽക്കുന്ന കമിതാക്കളെ ഓടിച്ചു വിട്ടു , റോയ് ആത്മ നിർവൃതി കണ്ടെത്തുന്ന രംഗം കാണിക്കുന്നുണ്ട്.താനെത്ര താന്തോന്നിയായാലും ശരി ഇരുട്ടിലും ആൾക്കൂട്ടത്തിനിടയിലും മറ്റുള്ളവരെ നന്നാക്കാനുള്ള ചുമതല തെറ്റാതെ നിറവേറ്റി അയാൾ ആത്മരതിയിലേർപ്പെടുന്നു .നിലവിലുള്ള രാഷ്ട്രീയ സാമൂഹിക അരക്ഷിതാവസ്ഥയിൽ തൊഴിൽ ലഭിക്കാത്തത്തിൽ അമർഷം പൂണ്ടു കൊടുമ്പിരി കൊള്ളുന്ന ആംഗ്രി യങ് മാനായി അവതരിക്കുന്നയാൾ വളരെ പെട്ടന്നാണ് നന്മ മരമായി വളരുന്നത് . സെക്സ് റാക്കെറ്റിലകപ്പെടുന്ന പെൺകുട്ടിയെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം ചാരിത്ര്യ സംരക്ഷകരായി സ്വയം അവതരിക്കുന്ന മെയിൽ ഗെയിസിന് തന്നെ നൽകണമായിരുന്നോ. മറ്റുള്ളവരുടെ രതി ചേഷ്ടകളില്ലേക്ക് എത്തിനോക്കി നായ്ക്കുരണപൊടി ഇരന്നു വാങ്ങുന്നവർക്ക് തന്നെ രക്ഷാകവചം നൽകുന്ന മാതൃക പരിതാപകകരമാണ് . ആട്ടിൻ തോലിട്ട ചെന്നായ് എന്ന് പറയുന്നപോലെ പുറമെ ചെന്നായയുടെ തോലിട്ട ആട്ടിന്കുട്ടികളാണ് സദാചാര പോലീസ് എന്നാണോ .
4 . ജെസ്സിയെ വിവാഹമാലോചിച്ചു വരുന്ന ജെസ്സിയെക്കാൾ ഉയർന്ന ക്ലാസ്സിലുള്ള ബെന്നിയുടെ 'അമ്മ ,അവരുടെ വീട്ടിലേക്കു കടന്നുവരുമ്പോൾ തന്നെ വ്യക്തമായ താൽപര്യക്കുറവ് കാണിക്കുന്നുണ്ട് . കഠിനാധ്വാനം കൊണ്ട് ഉയർന്ന ക്ലാസ്സിലേക്ക് കടന്നുചെല്ലാനായതിൽ അഭിമാനിക്കുന്ന സാറാമ്മ പറമ്പിലെ പണികൾ ചെയ്യുക എന്നതിലപ്പുറത്തേക്ക് നിങ്ങൾ വളർന്നിട്ടില്ല എന്ന് ഉറക്കെ വിളിച്ചു പറഞ് പ്രത്യക്ഷമായി തന്നെ അവരെ കീഴാളബോധം ഓർമിപ്പിച്ചു അപമാനിക്കുമ്പോഴും വീണ്ടും അങ്ങനെയുള്ളൊരാളുടെ വീട്ടിലേക്കു തന്നെയാണ് മകളെ വിവാഹം കഴിച്ചയാക്കാൻ ജെസ്സിയുടെ വീട്ടുകാർ തയ്യാറാകുന്നത് . സ്വത്വബോധത്തിൽ അഭിമാനമുണ്ടാകേണ്ടതിലുപരി , ക്ലാസ്സ് ലിബറേഷൻ വിവാഹത്തിലൂടെ സാധ്യമാക്കാം എന്ന മാതൃക നടപ്പിൽ വരുമ്പോൾ പാമ്പിനേക്കാൾ കൂടിയ വിഷം കൊണ്ടാകും ഭാവിയിൽ കടിപ്പിക്കാൻ സാധ്യത .
5 . തന്റെ സമ്മതം ഇവിടെയാർക്കും വേണ്ട എന്ന് പറഞ് ഒരിക്കൽ വിഷമത്തിനു ഹേതുവായ വിവാഹബന്ധത്തെ തന്നെ ജെസ്സി ഒരു ട്രോമയിലൂടെ കടന്നു പോയത്തിനു ശേഷം തിരഞ്ഞെടുക്കുന്നത് , തേന്മാവിൻ കൊമ്പു തുടങ്ങിയ സിനിമകൾ മുതൽ കണ്ടു ശീലിച്ച ക്ലിഷേയാണ് . കിട്ടിയത് പോയെങ്കിൽ ഉണ്ടായിരുന്നതിനെ പിടിക്കുക എന്ന ക്ലിഷേയെക്കാൾ മെച്ചപ്പെട്ടക്ലൈമാക്സും നൽകാമായിരുന്നു എന്ന് തോന്നി .
യാഥാർഥ്യങ്ങൾ ഇങ്ങനെയൊക്കെയല്ലേ എന്നാണു ചോദ്യമെങ്കിൽ സമൂഹത്തിനു സന്ദേശം നൽകുക എന്ന ദൗത്യം നിറവേറ്റാൻ ചിത്രീകരിക്കപ്പെട്ട സിനിമയാകുമ്പോൾ മെച്ചപ്പെട്ട മാതൃകകൾ നല്കുകയല്ലേ വേണ്ടത് . അപ്പോഴല്ലേ പ്രചോദനവും ഉണർവുമൊക്കെ കാണുന്ന ഒരാൾക്കെങ്കിലും തോന്നണെന്ന ലക്‌ഷ്യം നിറവേറുകയുള്ളു .
Comments
Post a Comment