സൈബർ അധിനിവേശങ്ങൾക്കിടയിലെ അധ്യാപനവഴികൾ



സ്ത്രീകൾക്ക് അത്യാവശ്യം ഫ്രീഡം കൊടുക്കുന്ന മോഡേൺ ഫാമിലിയിൽ നിന്ന് വരുന്ന മലയാളിക്ക് കിടപ്പുമുറിയിലേക്ക് ഒളിഞ്ഞു നോക്കിയാലേ വികാരനിർവൃതി കൊള്ളാനാവൂ എന്നുണ്ടെങ്കിൽ കൂടുതൽ സഭ്യമായ പെരുമാറ്റം പ്രതീക്ഷിക്കുന്നത് പോലെ വേറെ അബദ്ധമുണ്ടാകുകയില്ല . ഫ്രോയിഡ് പറയുന്നത് പോലെ നിങ്ങളുടെ ആന്തരിക ചോദനകളെ എത്രത്തോളം അഗാധ സീമകളിലേക്ക് അടിച്ചമർത്തുന്നുവോ, അതിന്റെ പതിന്മടങ്ങു വേഗത്തിൽ നിങ്ങളുടെ വാക്കുകളിലും അഭിപ്രായങ്ങളിലുമൊക്കെ അതിന്റെ അനുരണങ്ങൾ ആവർത്തനങ്ങളായി കൊണ്ടേയിരിക്കും. പി ജി ക്ലാസ്സുകളിൽ പഠിച്ച സീമസ് ഹീനിയുടെ പണിഷ്മെന്റ് അഥവാ ശിക്ഷ എന്ന കവിതയാണ് ഓർത്തു പോകുന്നത് . വേശ്യാവൃത്തി ആരോപിക്കപ്പെടുന്ന പെൺകുട്ടി മരണശിക്ഷയേറ്റുവാങ്ങാൻ നടന്നു നീങ്ങുമ്പോൾ വിറയ്ക്കുന്ന അവളുടെ ഉടലാഴങ്ങളിലെ അവയവ ചാരുതകൾ വർണ്ണിക്കാൻ തക്ക തൊലിക്കട്ടി കാണിക്കുന്ന 'വോയറിസ്റ്റിക്' കണ്ണുകളെ അതിൽ വരച്ചു കാട്ടുന്നുണ്ട് . എന്തുകൊണ്ടാണ് ശിക്ഷിക്കപ്പെടുന്നത് , അതിലെത്രമാത്രം ശരിതെറ്റുകൾ മരവിച്ചു നിറം കെട്ടു കിടപ്പുണ്ട് എന്നതിലേക്കൊക്കെ ചിന്താമഗ്നരാവും മുൻപേ അവളുടെ ശാരീരിക വടിവുകളിലേക്ക് കണ്ണുകൾ കുഴിച്ചിട്ട മനോവ്യാപാരങ്ങൾ !!
ഇതൊക്കെ ഓർത്തു പോകുന്നത് , ഒരു വ്യാധിയുടെ ഭീതിയിൽ ,സമൂഹവും ഭരണകൂടവും ഒക്കെ നിലനിന്നു പോകുന്ന അച്ചുതണ്ട് (ദെറിദയുടെ ഭാഷയിൽ പറഞ്ഞാൽ ലോഗോസ് ) തന്നെ തെന്നിവീഴുമ്പോൾ കുട്ടികളുടെ പഠനം എങ്ങനെയെങ്കിലും മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമങ്ങളെയൊക്കെ അശ്ലീല വാക്കുകളിൽ തളച്ചിട്ടു തുണിയുരിക്കുന്ന വേളയിലാണ് . നിങ്ങൾക്ക് എന്താണ് പറയാനുള്ളത് , എത്രമാത്രം നന്നായി നിങ്ങൾ അവതരിപ്പിക്കുന്നു, എത്രത്തോളം ഭംഗിയായി നിങ്ങളുദ്ദേശിച്ച കാഴ്ചക്കാർ അതുൾക്കൊണ്ടു കണ്ടിരുന്നു എന്നതിനെയൊക്കെ അപ്രസക്തമാക്കി നിങ്ങളൊരു പെണ്ണായതിന്റെ പേരിൽ ഉടലളവും ആകാരവടിവും , മുഖത്തു പ്രതിഫലിച്ച മേക്കപ്പിന്റെ തുടുപ്പും സാരിക്കിടയിൽ കുടുങ്ങിപ്പോയ , കണ്ടാലെന്തോ കളഞ്ഞു പോകുമെന്ന തരത്തിൽ മറച്ചുവെക്കപ്പെടുന്ന ഉദാരഭാഗവും ആഘോഷിക്കപ്പെടുന്നയത്ര തരംതാണിരിക്കുന്നു ആണിടങ്ങൾ . നിങ്ങളുടെ സ്വത്വം പെണ്ണാണെങ്കിൽ , ട്രാൻസ്‌ജൻഡറാണെങ്കിൽ , നിങ്ങളുടെ അറിവും ബുദ്ധിയും ഒക്കെ നിഷ്പ്രഭമാക്കി ലൈംഗികതയിലേക്ക് ചുവടുമാറുന്ന , വെറും ശരീരങ്ങൾ മാത്രമായി നിങ്ങളെ ചുരുക്കിയുറപ്പിക്കുന്ന പാട്രിയാർക്കിയുടെ അകക്കണ്ണുകളുടെ ആനന്ദതാണ്ഡവം ! പോൺ സൈറ്റുകളിൽ ഒഴിക്കുകളയുന്ന അടിച്ചമർത്തപ്പെട്ട വികാരങ്ങളുടെ കുത്തൊഴുക്കുകളും സദാ നിഴല് പോലെ പിന്തുടരുന്ന മെയിൽ ഗെയ്‌സുമായി എത്രകാലം നിറയൊഴിച്ചു തീർന്നാലാണ് ആണഹന്തയുടെ സാഡിസം കെട്ടടങ്ങുക ?

Comments

Popular posts from this blog

'പ്രണയവിലാസം' നൽകുന്ന വിചിത്രമായ സന്ദേശങ്ങൾ

REMNANTS OF AN ANEMIC LOVE-2