സ്ത്രീശരീരമെന്ന ഉത്പന്നം

സ്ത്രീ ശരീരം കച്ചവടവൽക്കരിക്കപ്പെടുന്നത് പുരുഷന്റെ അടിവസ്ത്രത്തിന്റെ പരസ്യം മുതൽ വിമാനത്തിന്റെ ഞട്ടും ബോൾട്ടും വിൽക്കുന്നിടത്തു വരെ കാണാവുന്നതാണ് .ശരീരത്തിന്റെ മുക്കും മൂലയും ഒളിപ്പിച്ചു നിർത്തി , വെളുത്ത , പ്രായം  കുറഞ്ഞ മമ്മി വിളികളിൽ നിർത്താതെ ,അത്   കാണാൻ വേണ്ടിയെങ്കിലും ആളുകൾ വാങ്ങട്ടെ എന്ന പുളിച്ച കച്ചവട തന്ത്രം .

ഒരു വ്യക്തിയുമായി  ബന്ധപ്പെട്ട എന്തെങ്കിലും വിവാദം ഉയർന്നാൽ , അതിൽ ഒരു സ്ത്രീ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ വിഷയമെന്തുമാകട്ടെ , അവൾക്ക് ഭർത്താവുണ്ടോ , ഉണ്ടെങ്കിൽ എത്ര ? അവിവാഹിത ആണെങ്കിൽ നാട്ടുകാർക്ക് പറയാനുള്ള "വഴിവിട്ട" ബന്ധങ്ങളുടെ കഥകൾ എന്തൊക്കെയാണ് , കുടുംബത്തിൽ നിലവിലുള്ള സ്വരച്ചേർച്ചകൾ എന്തൊക്കെയാണ് . ഇങ്ങനെ ഇക്കിളിയും സഹതാപവും അരിച്ചിറങ്ങുന്ന വിഷയങ്ങളിൽ പി എച് ഡി എടുക്കാനുള്ള  ശ്രമങ്ങളാണ് പിന്നീട് ഒരാഴ്ച .പുരുഷന്റെ കഥകൾക്ക് ചൂടേറുക അതിലൊരു സ്ത്രീ ഉൾപ്പെട്ടിട്ടില്ലെങ്കിൽ മാത്രം, അവന്റെ അവിഹിതബന്ധങ്ങളിലേക്കും മദ്യപാനശീലങ്ങളിലേക്കും നീളും . എന്നാൽ സ്ത്രീശരീരത്തിന്റെയത്ര  മാർക്കറ്റുകൾ അവിടെ അന്യമായതു കൊണ്ട് കൂടുതൽ തിരയാൻ ആരും മെനക്കെടാറില്ല .

സോളാറുമായി ബന്ധപ്പെട്ട വിവാദം ഉണ്ടായപ്പോൾ ഇന്ന് സരിത ആരുടെയൊക്കെ പേര് പറഞ്ഞു പുതിയ ക്ലിപ്പ് വന്നിട്ടുണ്ടോ എന്ന് ചോദിച്ചു നടന്നവരാണ് . അതിൽ ഉൾപ്പെട്ട പുരുഷന്മാരുടെ കിടപ്പറരഹസ്യങ്ങളുടെ കച്ചവട സാധ്യത തീരെ വിരളമാണ് .

ശ്രീറാം വെങ്കിട്ട രാമന്റെ വാഹനത്തിന്റെ ഓവർസ്പീഡിൽ ജേര്ണലിസ്റ്  കൊല്ലപ്പെട്ടപ്പോൾ  അയാളുടെ കുടുംബത്തിന് നീതി ലഭിച്ചോ അതിന്റെ നിയമസാധ്യതകൾ     എന്തൊക്കെയാണ് എന്ന അന്വേഷണങ്ങളേക്കാൾ  തൂക്കം കൂടിയ ചർച്ചകൾ നടന്നത്  വഫ  ഫിറോസ് എന്ന സ്ത്രീ ഇയാൾക്കൊപ്പം അസമയത് കാറോടിച്ചത് എന്തിനാണ് എന്നതിനെ ചൊല്ലിയായിരുന്നു  . വഫ വിറോസിന്റെ ദാമ്പത്യ പ്രശ്നങ്ങൾ എന്തൊക്കെയാണ്  അവർക്ക് കുട്ടിയുണ്ടോ ,അസമയത് ഒരു മെസ്സേജ് അയക്കുമ്പോൾ പോകാൻ മാത്രം എന്ത് ബന്ധമാണ് ഇവർ തമ്മിലുള്ളത് ഇങ്ങനെ കേട്ടാലറക്കുന്ന ചോദ്യങ്ങളുമായി അവരുടെ പിന്നാലെയായിരുന്നു മാർക്കറ്റ് . 

ആരാണ് സ്വപ്ന സുരേഷ്  എന്നതാണ് പുതിയ തലക്കെട്ട് . ആരാണ് സരിത്‍, ആരാണ് സന്ദീപ്  എന്നൊന്നും നമ്മളാരും കണ്ടില്ല . മുഴുനീളൻ പേജ് ആടയാഭരണങ്ങളിൽ വിഭൂഷിതയായ  സ്ത്രീ രത്നങ്ങൾക്കായി ഡെഡിക്കേറ്റ് ചെയുന്ന പത്രങ്ങൾ തന്നെ അതേ പേജുകളിൽ   അവരുടെ വിവാഹബന്ധവും വ്യക്തിജീവിതത്തിലെ  ഉന്നത ബന്ധങ്ങളും ചികയുകയാണ് .സ്വർണം കടത്തിയതാർക്കു വേണ്ടി   എന്തിനു  വേണ്ടി  എന്ന ചോദ്യങ്ങൾക്കൊന്നും ഒരു  കോളം പോലും ഇല്ല. ലൈംഗിക ദാരിദ്ര്യം  അനുഭവിക്കുന്ന കാണികളുടെ ശ്രദ്ധ ക്ഷണിക്കണമെങ്കിൽ  കപട സദാചാരത്തിൽ  ചാലിച്ച ഇക്കിളിപെടുത്തുന്ന കഥകൾ വേണം . 

ഒരു വസ്തു കച്ചവടച്ചരക്കാകുമ്പോൾ അതുമായി ബന്ധപ്പെട്ടതെന്തും  അനന്ത സാധ്യതയുള്ള ഉൽപ്പന്നമാണ് .ലൈംഗികത, ശരീരം , വ്യക്തി  ജീവിതം ഇവയെല്ലാം  അത്യധികം മാർക്കറ്റുകളുള്ള ഉല്പന്നങ്ങളാണ്. സ്ത്രീ ശരീരം  ഒരു  പൊളിറ്റിക്കൽ  ടൂൾ  കൂടിയാവുകയാണ്. ചാരക്കേസുമുതലിങ്ങോട്ട് ലൈംഗികതയുടെ പിടിവള്ളികളിൽ ഉന്നതർക്ക് കാലിടറുന്നോ, അതിൽ അധികാരവർഗ്ഗത്തെ മറിച്ചിടാനാകുമോ എന്ന അന്വേഷങ്ങളിൽ   മാത്രമൊതുങ്ങുന്ന ഉത്പന്നങ്ങൾ .  

സമൂഹത്തിന്റെ മുഖ്യധാരയിലേക്കുയർന്നു വന്ന ഒരു സ്ത്രീയുടെ  കഠിനാധ്വാനത്തെക്കുറിച്ചും  സ്വപ്നങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചുമൊന്നും വാതോരാതെ ആഴ്ചകൾ നീളുന്ന ചർച്ചകളും ,അഞ്ചും ആറും പേജുകൾ   അച്ചടിച്ച്  വരുന്ന അന്വേഷങ്ങളും  നിങ്ങളെന്നെങ്കിലും കണ്ടിട്ടുണ്ടോ 

Comments

Popular posts from this blog

'പ്രണയവിലാസം' നൽകുന്ന വിചിത്രമായ സന്ദേശങ്ങൾ

REMNANTS OF AN ANEMIC LOVE-2