എന്റെ അധോലോക സങ്കേതത്തിലേക്ക്

ഇങ്ങനെ പതിയെ ഇഴഞ്ഞു പൂച്ചക്കുട്ടിയെപ്പോലെ ഇടവിട്ട് ഒഴുകി നടക്കാതെ . 

ഒച്ചയടപ്പിക്കുന്ന ചെരുപ്പുകളിട്ടു , 
കാതറ്റം പൊട്ടുന്ന ചുവടുറപ്പിൽ 
അടച്ചുപൂട്ടിയ വാതിലിന്റെ തുളയിലൂടെ അകത്തേക്കു പറന്നു വരൂ . 

 നിന്റെ മൂളലിന്റെ മുറുമുറുപ്പുകളിൽ 
ചിറകു കൂട്ടിയിടിച്ച് ചുവരിടിച്ചുവീണ്‌
നീ തലകുനിക്കുമ്പോൾ വെന്റിലേറ്ററിന്റെ മിന്നൽ പിണരിലും ഞാൻ വഴിനിരത്തുകളൊന്നാന്നായടയ്ക്കും .
 
പിന്നെ പുറത്തേക്കു തുറക്കുന്ന കയറ്റിറക്കങ്ങൾക്ക് വായുവിന്റെ അതിരുകളിൽ നിന്നൊരിക്കലും മറുപടി വിരിയില്ല . 
സിമന്റു കുടിച്ചു തടിച്ച ചുവര് തിന്നു തീർത്ത് തീയുഴിയുക മാത്രമാണ് പോംവഴി . 

മാറാലയുടെ മറുകഴികൾ വെട്ടിയെടുത്തു ചുവരുകൾ മുഴുവൻ ഞാൻ നമ്മുടെ പ്രായത്തിന്റെ ഭൂപടങ്ങൾ തറച്ചു വെച്ചിട്ടുണ്ട്. 
ഒരോന്നുമഴിഞ്ഞു വീഴാൻ കാറ്റിനു കൂട്ടിരിക്കലാണ് എന്റെ വിനോദം . 
നിനക്കും ഞാനൊരു വിനോദത്തിന്റെ വഴിച്ചില്ല്‌ കണ്ടു വെച്ചിട്ടുണ്ട്. 
ചെമ്പരത്തിനാരുണക്കി ലിറ്റ്മസുടുത്ത് നീലിക്കുന്ന അമ്ലമഴയുണ്ടാക്കുക . 
 ഭയം രാശിപ്പിഴവിന്റെ കവടികിറുക്കിനു വിട്ടുകൊടുക്ക് .

എന്റെ മുറി ഒരു അധോലോക സങ്കേതമാണ് . നമുക്ക് രൂപാന്തരം പ്രാപിച്ച കാഫ്കയുടെ പാറ്റക്കുഞ്ഞുങ്ങളായി പേജുകൾ തുരന്നു ഒളിച്ചിരിക്കാം. 
ഷോക്കേസുകൾ നിറച്ച് ഞാൻ ഉണങ്ങിപ്പോയ നമ്മുടെ കാടുകളുടെ അടരുകൾ കൊത്തിവച്ച മണ്ണ് നിറച്ചു കുപ്പികളിലായി അടച്ചു വെച്ചിട്ടുണ്ട് .

ഇവിടെ പകലില്ല . 
ക്ളോക്കുകൾ പൊടിച്ചരച്ചുണ്ടാക്കിയ കളിപ്പാട്ടത്തിലാണ് ഞാൻ മഷി നിറച്ചു നിന്നെക്കുറിച്ചെഴുതി കളിക്കാറുള്ളത് . 

 ശ് ശ് . 
ഈ മുറിക്ക് അറ്റമില്ല 
ഉറവയില്ല 
ഒഴുക്കില്ല 
ശൂന്യതയുടെ നഷ്ടബോധമില്ല . 

പത്രക്കടലാസുകൾ വായിച്ചു ഹൃദയം പൊള്ളി മരിച്ച പല്ലിമുട്ടകളുടെ മണമാണ് . 
ഇത് മറ്റൊരു ഭൂമിയാണ് . 
എന്റെ അച്ചുതണ്ടിൽ ഞാൻ കറങ്ങാൻ വിട്ട ഭൂമിത്തുണ്ട്. 

അർദ്ധഗോളത്തിന്റെ ഇരുവശം പകുത്ത് ഒരു നിമിഷം പോലും നഷ്ടമാകാതെ നമുക്ക് നിറുത്താതെ കറങ്ങിക്കൊണ്ടേയിരിക്കാം .

- © by Aswathy 


Pic Courtesy : Internet

Comments

Popular posts from this blog

'പ്രണയവിലാസം' നൽകുന്ന വിചിത്രമായ സന്ദേശങ്ങൾ

REMNANTS OF AN ANEMIC LOVE-2