രണ്ടാം ക്ലാസ്സുകാരൻ ക്വാറന്റൈനിലാണ് .



രണ്ടാം ക്ലാസ്സിലെ കുട്ടിക്ക് പത്താംക്ലാസ്സുകാരന്റെ
ബുദ്ധിവേണമെന്നു അമ്മക്ക് നിർബന്ധമായിരുന്നു .
കുട്ടിയുടെ ഭാവിയിലേക്ക് തീ കോരിയിട്ട 
വൈറസിനെ അവർ ദിനംതോറും ശപിച്ചു .

ആളുകളുടെ ശ്വാസകോശം കുടിച്ചു ചീർത്ത കൊറോണ 
അവനെ തികഞ്ഞ  ഒരു അലസനാക്കിയിട്ടുണ്ട് .
പഠനത്തിൽ മുൻപത്തെ ശുഷ്‌കാന്തി ഇല്ല .
തന്റെ കണ്ണുവെട്ടിച്ചു ഫോണെടുത്തു  ഗെയിം
കളിക്കുന്നതിലാണ് ഇപ്പോൾ സദാ ശ്രദ്ധ .

സ്കൂളിലെ ഏഴു മണിക്കൂർ നീളുന്ന പഠനമാണ് 
ടിവിയിൽ ഒരു മണിക്കൂറായി വെട്ടിച്ചുരുക്കിയത് .
അവർ വ്യാകുലപ്പെട്ടു .
സംഗീതം, നൃത്തം, ചിത്രംവര എന്നിങ്ങനെ
സകല ക്ലാസ്സുകളും മാസങ്ങളായി മുടങ്ങിക്കിടപ്പാണ് .

പഠനത്തിൽ നിന്ന് തെന്നിമാറാതിരിക്കാൻ അയലത്തെ കുട്ടിയുമായി 
ചങ്ങാത്തമുണ്ടാകാതെ സൂക്ഷിച്ച തന്റെ ക്രാന്ത 
ദർശിത്വത്തിൽ അവർ അഭിമാനപുളകിതയായി .
ഇല്ലെങ്കിലിപ്പോൾ അപ്പുറത്തു പോയി ഓടിക്കളിച്ചു
മുറ്റം മുഴുവൻ വൈറസ് നിറച്ചേനെ.

പഠിത്തത്തിൽ കെങ്കേമനാകാൻ ,
ഭാവിജീവിതം ധനലബ്ദിയിൽ ആറാടാൻ 
നല്ലനാളുനോക്കി ഡെലിവറി ഡേറ്റിനു മുൻപ് 
വയറു കീറി പുറത്തെടുത്തതാണ് .
നക്ഷത്രക്കണക്ക് പിഴക്കില്ല .
അവർ ആശ്വസിക്കാൻ ശ്രമിച്ചു .

അച്ഛന്റെ നഷ്ടപ്പെട്ട ജീവിതവും 
സ്വപ്നവും തിരിച്ചു പിടിക്കേണ്ടത് അവനിലൂടെയാണ് .
സ്കൂളിലേക്ക് അവന്റെ പ്രായത്തിൽ കിലോമീറ്ററുകൾ
നടന്നു പോയ കഥ അച്ഛനോർമ്മിപ്പിച്ചു .
മുറ്റത്തു ഹോണടിക്കുമ്പോൾ ബസു വരുന്നയത്ര 
സർവ സുഖസൗകര്യങ്ങളുമൊരുക്കിയാണ് നിന്നെ പഠിപ്പിക്കുന്നത് .
നീ പഠിച്ചാൽ മാത്രം മതി .
അച്ഛൻ കണ്ണുരുട്ടി .

അപ്പൊ അവന്റെ സ്വപ്നങ്ങളോ 
അവനാശിക്കുന്ന അവന്റെ ജീവിതം അവന്റെ മകൻ ജീവിക്കും 
അതാണ് സ്വപ്നങ്ങളുടെ രീതി .
അച്ഛൻ വിക്ടർസ് ചാനൽ ഓൺ ചെയ്തു വെച്ചു.

രണ്ടാം ക്ലാസ്സുകാരൻ ക്വാറന്റൈനിലാണ് .
മുട്ടിലിഴഞ്ഞ് നടക്കാൻ തുടങ്ങിയത് മുതൽ 
ഇപ്പോൾ രണ്ടാം ക്ലാസ്സിലിലേക്ക് കയറിച്ചെന്നത് വരെ അവൻ ക്വാറന്റൈനിലാണ് .

©aswathy

Comments

Popular posts from this blog

'പ്രണയവിലാസം' നൽകുന്ന വിചിത്രമായ സന്ദേശങ്ങൾ

REMNANTS OF AN ANEMIC LOVE-2