നിന്റെ നാല് മുഖങ്ങൾ അഥവാ നാല് മുറികൾ .
ഞാനിന്നു വരെ ആവർത്തിച്ചാലോചിച്ച് കണ്ടുപിടിച്ചതൊക്കെ കൂട്ടിനോക്കുമ്പോൾ നിനക്ക് മൊത്തം നാല് മുഖങ്ങളാണുള്ളത്.
നിന്റെ വീട്ടിലെ നാല് മുറികൾ പോലെ .
ഓരോ ദിവസത്തിന്റെയും എണ്ണമിഴുക്ക് താഴുമ്പോൾ ,
ആർക്കും വേണ്ടാത്തതൊക്കെ അലക്ഷ്യമായി വലിച്ചെറിയുന്ന നേരിയ വെട്ടമുള്ള മുറിയായാണ് നീയുറങ്ങാൻ കിടക്കുക.
നേരം വെളുത്തു തുടുത്തെന്നറിയിച്ച് വണ്ടികൾ ഉച്ചത്തിൽ സൈറൺ വിളിക്കുമ്പോൾ ,
മിനുറ്റുകൾക്കകം വിഷാദവും വെറുപ്പുമൊക്കെ വാരിക്കളഞ്ഞ് കൈതുടച്ച്
നിഷ്പക്ഷത കുത്തിത്തിരുകി ,
സുഹൃത്തുക്കൾ വരുമ്പോൾ നമ്മളൊളിഴിച്ചിടാറുള്ള മുറിയായി നീ പരിണമിക്കുന്നത് കാണാം.
നിരത്തിലേക്കിറങ്ങുമ്പോൾ ,വഴിവക്കിൽ പരിചയം പുതുക്കാൻ എതിരെ നടന്നു പോകുന്നവരെ കാണുമ്പോൾ ,
അതിഥികൾക്കുവേണ്ടി തിടുക്കത്തിൽ ശുചിയാക്കിയ സൽക്കാരമുറിയായി രൂപംപ്രാപിച്ചു നീ പുഞ്ചിരി വരുത്തുതുകണ്ട് ഞാനൂറിചിരിക്കാറുണ്ട്.
വൈകുന്നേരം തിരിച്ചെത്തുമ്പോൾ നീയൊരു പത്തായപ്പുരയായി മൂലയിലേക്ക് മാറിയിട്ടുണ്ടാകും .
അന്നു വഴക്കിട്ടു തെറ്റിയവരുടെ എണ്ണംപറഞ്ഞ് ,
മുഖം വീർപ്പിച്ചതിന്റെ കണക്കു കൂട്ടിനോക്കി ,
പണ്ട് പിണങ്ങിപ്പോയവരയച്ച ചോക്ലേറ്റിന്റെ മധുരമയവറത്ത്,
ഇരുട്ടിലോടിയൊളിക്കുന്ന പത്തായപ്പുരയായി എന്റെ ചുമലിലേക്ക് ചായുന്ന എന്റെ ഒറ്റമുറി.
നോക്ക് ഇരുട്ട് നമ്മുടെ മേൽക്കൂരയിലൂടെ ചോർന്നൊലിക്കുന്നു .
- © by Aswathy
Pic courtesy : Painting by Vincent van Gogh
Comments
Post a Comment