ഉറങ്ങുന്ന മഴകൾ

 നിനക്കെന്നെ കളഞ്ഞു കിട്ടിയതല്ലേ ?
പത്രക്കടലാസിൽ ആരും വായിക്കാൻ മെനക്കെടാത്ത ഒരു പേജിൽ നിന്ന് .
ഹൃദയം വിൽക്കാനുണ്ടെന്നു ഒരു കള്ള പരസ്യം തയ്യാറാക്കി 

ഇടയ്ക്കിടെ, ഇരുനൂറു രൂപ മുടക്കി ഞാൻ പ്രസിദ്ധീകരിച്ചിരുന്നു .

വിശ്വസിക്കാവുന്നതെന്തും സൃഷ്ടിക്കാൻ വാക്കുകൾ കണ്ടെടുക്കുന്ന 
വിചിത്രവിദ്യ നിന്നെ പഠിപ്പിച്ചത്  നമ്മുടെ അലമാരകൾ 
നിറച്ച് പൊടിപിടിച്ചു കിടക്കുന്ന ആ കടലാസുകെട്ടുകൾ തന്നെയാവും .

നാളെ ആറുമണിക്ക് പത്രം വരും .
പിന്നെയുള്ള നാലുമണിക്കൂർ നമുക്ക് ചുരുണ്ടുറങ്ങാനുള്ള പായയാണ് അത്  
തറയിൽ നിരന്നു കിടക്കുക .

മരിച്ചു പോകുന്നവരുടെ വിവരങ്ങൾ എണ്ണിത്തിട്ടപ്പെടുത്തി 
ഹൃദയ സ്തംഭനങ്ങൾ അക്കങ്ങളിലൂടെ പ്രവചിക്കാൻ 
ഞാനൊരു സൂത്രവാക്യം നിർമിച്ചിട്ടുണ്ട് .

ഒരു മഴയുള്ള ദിവസമെങ്കിലും അക്ഷരങ്ങളെല്ലാം മാഞ്ഞു പോയി 
നെടുനീളൻ പേജുകളായി  അത് മരചുവടിൽ ഉപേക്ഷിക്കപ്പെടാൻ 
ഞാൻ കാത്തിരിപ്പാണ് .

അന്ന് ലോകം മുഴുവൻ നിശ്ചലമായി 
നാം രണ്ടുപേർ മാത്രമാണ് ശേഷിക്കുന്നതെന്നു നിന്നെ ഞാൻ വിശ്വസിപ്പിക്കും. 
നിന്റെ സകല ബന്ധങ്ങളും ഒരു പേമാരിയിൽ  നശിച്ചുപോയെന്നു 
ബോർഡ്‌വെച്ചു ഗേറ്റ് പൂട്ടി 
താക്കോൽ ഞാൻ പൊട്ടക്കിണറ്റിലേക്ക് വലിച്ചെറിയും . 
അത് വരെ ഉറങ്ങിക്കിടക്കുന്ന മഴകളിൽ ലോകം നമ്മളോട് സംസാരിച്ചുകൊണ്ടേയിരിക്കട്ടെ .

 ©Aswathy 
        
 

Comments

Popular posts from this blog

'പ്രണയവിലാസം' നൽകുന്ന വിചിത്രമായ സന്ദേശങ്ങൾ

ഇരകളും ജോജിയും മാക്ബെത്തും

ഇനി ഒരു കടുകട്ടി നിരൂപണം ആവാം ....